11:48pm 03 July 2026
NEWS
നികുതി കൂട്ടില്ല, നെറ്റ്‌വർക്ക് വിപുലീകരിക്കും; പുതിയ വികസന മാതൃകയുമായി സർക്കാർ
03/07/2026  12:48 PM IST
nila
നികുതി കൂട്ടില്ല, നെറ്റ്‌വർക്ക് വിപുലീകരിക്കും; പുതിയ വികസന മാതൃകയുമായി സർക്കാർ

തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തിന് നികുതി വർധനയല്ല പരിഹാരമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. നികുതി ശൃംഖല വിപുലപ്പെടുത്തിയും പോർട്ട് സിറ്റി കേന്ദ്രീകരിച്ചുള്ള സാമ്പത്തിക വളർച്ച ശക്തിപ്പെടുത്തിയും പുതിയ വികസന മാതൃക നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടുതൽ നിർമ്മാണ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് എത്തിക്കാനും അധിക സാമ്പത്തിക ഭാരം സൃഷ്ടിക്കാതെ വികസന പദ്ധതികൾ മുന്നോട്ടുകൊണ്ടുപോകാനുമാണ് ശ്രമമെന്നും ക്രഡായ് സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു. പോർട്ട് സിറ്റി കേരളത്തിന്റെ സ്വപ്ന പദ്ധതിയാണെന്നും അത് സംസ്ഥാനത്തിന്റെ വികസനത്തിന് പുതിയ വാതിൽ തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനിടെ, വിഴിഞ്ഞം തുറമുഖത്തിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പിന്റെ നീക്കത്തിൽ സർക്കാർ ജാഗ്രതാ നിലപാട് സ്വീകരിച്ചു. ഓഹരി കൈമാറ്റ വിഷയത്തിൽ നിയമോപദേശവും വിദഗ്ധ പരിശോധനയും നടത്തുമെന്ന് സർക്കാർ അറിയിച്ചു. എല്ലാ കരാർ വ്യവസ്ഥകളും സൂക്ഷ്മമായി പരിശോധിച്ച ശേഷമേ അന്തിമ തീരുമാനമുണ്ടാകൂ. സർക്കാർ അനുമതി ലഭിച്ച ശേഷമാണ് അന്തിമ കരാറിലേക്ക് കടക്കുകയെന്ന നിലപാടാണ് അദാനി ഗ്രൂപ്പും വ്യക്തമാക്കിയിരിക്കുന്നത്.

വിഴിഞ്ഞം പദ്ധതിയിലെ എംഎസ്‌സി–അദാനി ഓഹരി കൈമാറ്റത്തിൽ മുൻകൂട്ടി സർക്കാരിനെ അറിയിക്കാതെയുണ്ടായ വിദേശ നിക്ഷേപ നീക്കത്തിൽ മുഖ്യമന്ത്രി നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഓഹരി ഘടനയിൽ മാറ്റം വരുത്താൻ സർക്കാർ അനുമതി നിർബന്ധമാണെന്നും വിശദമായ പരിശോധനയ്ക്കുശേഷം മാത്രമേ തുടർനടപടികൾ ഉണ്ടാകൂവെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, ഓഹരി കൈമാറ്റ വിവാദം സർക്കാരിനെതിരായ രാഷ്ട്രീയ ആയുധമാക്കി ഉയർത്തിക്കാട്ടാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img